ഐപിഎൽ പടിവാതിൽക്കൽ; ഇരട്ടപ്രഹരത്തിൽ വലഞ്ഞ് ആർസിബി

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പോരാട്ടങ്ങൾ നാളെ തുടങ്ങാനാരിക്കെ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ആർസിബി. ഓസ്ട്രേലിയൻ സ്റ്റാർ പേസർ ജോഷ് ഹെയ്സൽവുഡിന് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നതാണ് ആർസിബിയെ വലയ്ക്കുന്നത്. ഇതിനുപുറമെ മറ്റൊരു ഓസ്ട്രേലിയൻ സൂപ്പർതാരം ​ഗ്ലെൻ മാക്സ്‌‌‍വെൽ സീസണിലെ ആദ്യ മത്സരം കളിക്കുന്ന കാര്യവും സംശയത്തിലാണ്.

കാലിനേറ്റ പരുക്ക് പൂർണമായും ഭേദമാകാത്തതാണ് ഹെയ്സൽവുഡിനെ പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യത്തിലാണ് ഐപിഎല്ലിലെ ആദ്യത്തെ കുറച്ച് മത്സരങ്ങൾ ഹെയ്സൽവുഡ് കളിക്കില്ല എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ വ്യക്തമാക്കിയത്. തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കൽ ടീമിന്റെ ക്ലിയറൻസ് ലഭിച്ചാലെ താരത്തിന് ഐപിഎല്ലിനായി ഇന്ത്യയിലേക്ക് വരനാകു. അതേസമയം താരം സീസണിടയ്ക്ക് ആർസിബിക്കൊപ്പം ചേരുമെന്നാണ് സൂചന.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചെങ്കിലും മാക്സ്‌വെല്ലും പൂർണമായും ശീരീരക്ഷമത വീണ്ടെടുത്തിട്ടില്ല എന്നാണ് സൂചന. കഴിഞ്ഞ വർഷം അവസാനം മാക്സ്‌വെല്ലിന്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎല്ലിലെ ആർസിബിയുടെ ആദ്യ മത്സരം മാക്സ്‌വെൽ കളിക്കുന്ന കാര്യം സംശയത്തിലായത്. അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കേണ്ടതിനാൽ ശ്രീലങ്കൻ സ്പിന്നർ വാനിൻഡു ഹസരം​ഗയുടെ സേവനവും ആദ്യ മത്സരത്തിൽ ആർസിബിക്ക് ലഭിക്കില്ല.