തദ്ദേശ വകുപ്പ് ആസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നു

സംസ്ഥാനത്തെ തദ്ദേശ വകുപ്പിന്റെ ആസ്ഥാനമായ സ്വരാജ് ഭവനിൽ ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നു. ഏപ്രിൽ ഒന്ന് മുതലാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുക. രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെയാണ് ഓഫീസ് സമയം. തിരിച്ചറിയൽ കാർഡ്, ആധാർ നമ്പർ എന്നിവ ഉപയോഗിച്ച് ഓഫീസിൽ വരുമ്പോഴും പോകുമ്പോഴും ഹാജർ രേഖപ്പെടുത്തേണ്ടതാണ്. ഒറ്റത്തവണ മാത്രം പഞ്ച് ചെയ്താൽ അവ ഹാജരായി പരിഗണിക്കുകയില്ല.

ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഉണ്ടെങ്കിലും, ബുക്കിൽ ഹാജർ രേഖപ്പെടുത്തുന്നത് തൽക്കാലം തുടരുന്നതാണ്. ഒരു മാസം 300 മിനിറ്റാണ് ഗ്രേസ് ടൈം അനുവദിച്ചിട്ടുള്ളത്. അര ദിവസത്തെ ഹാജരിനും ഗ്രേസ് ടൈം ഉണ്ടാകുന്നതാണ്. അവധിക്കുള്ള അപേക്ഷ സ്പാർക്ക് വഴിയാണ് നൽകാൻ സാധിക്കുക. താമസിച്ചു വരികയും, നേരത്തെ പോവുകയും ചെയ്താൽ അവധിക്ക് അപേക്ഷ നൽകിയില്ലെങ്കിൽ അനധികൃതമായി ഹാജരാകാതിരുന്നതായി കണക്കാക്കി ശമ്പളം തടയുന്നതാണ്. 10 മണിക്കൂർ അതിലധികമോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കോമ്പൻസേറ്ററി ഓഫ് നൽകുന്നതാണ്.