നഷ്ടമായത് മലയാള സിനിമയിലെ പകരക്കാരില്ലാത്ത അഭിനയ ചക്രവർത്തിയെ: ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: നടൻ ഇന്നസെന്റിന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള ചലച്ചിത്ര രംഗത്തെ പകരക്കാരില്ലാത്ത അഭിനയചക്രവർത്തിയെയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. വേഷം ഏതായാലും തന്മയത്വത്തോടെ തന്റേതായ ശൈലിയിൽ അഭിനയിച്ച് ആസ്വാദകരെ രസിപ്പിക്കുന്ന നടനായിരുന്നു ഇന്നസെന്റെന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു. ഇന്നസെന്റ് അഭ്രപാളിയിൽ അനശ്വരമാക്കിയ വാര്യർക്കും കിട്ടുണ്ണിക്കും കെ കെ ജോസഫിനുമെല്ലാം മലയാളി ഉള്ള കാലത്തോളം നമ്മുടെ മനസിൽ ഇടം ഉണ്ടാകുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

‘തനിക്ക് മരണമില്ലെടോ വാര്യരെ’ എന്ന് രാവണപ്രഭുവിൽ മോഹൻലാൽ പറഞ്ഞത് പോലെ കാലമെത്ര കഴിഞ്ഞാലും അദ്ദേഹം അരങ്ങിൽ ബാക്കി വച്ച കഥാപാത്രങ്ങളിലൂടെ ഇന്നസെന്റ് മരണമില്ലാതെ ജീവിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി.