സംസ്ഥാനത്ത് മദ്യ വിൽപ്പന കുതിക്കുന്നു, ഖജനാവിലേക്ക് എത്തിയത് കോടികൾ

സംസ്ഥാനത്ത് നടപ്പു സാമ്പത്തിക വർഷം മദ്യ വിൽപ്പന റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ഫെബ്രുവരി 28 വരെയുള്ള കണക്കുകൾ പ്രകാരം, നികുതികൾ ഒഴികെ 2,480.15 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയെത്തിയത്. റെക്കോർഡുകൾ ഭേദിച്ചാണ് ഇത്തവണ മദ്യ വിൽപ്പന ഉയർന്നിരിക്കുന്നത്. ഈ വർഷം മാർച്ചിലെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ മദ്യ വിൽപ്പനയിൽ നിന്നും ലഭിച്ച വരുമാനം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. ഇതോടെ, 2022-23 സാമ്പത്തിക വർഷം എക്സൈസ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം കൈവരിക്കും.

നടപ്പു സാമ്പത്തിക വർഷത്തിൽ 2,655.2 കോടി രൂപയാണ് മദ്യ വിൽപ്പനയിൽ നിന്നും പ്രതീക്ഷിച്ച വരുമാനം. പിന്നീട് അത് 2,800.45 കോടി രൂപയായി ഉയർത്തുകയായിരുന്നു. ബാർ ഹോട്ടലുകൾ, വൈൻ പാർലറുകൾ തുടങ്ങിയവ മിക്ക ലൈസൻസുകളും മാർച്ചിൽ പുതുക്കുന്നതിനാൽ വരുമാനം വീണ്ടും ഉയരാൻ സാധ്യത കൂടുതലാണ്. ലൈസൻസ് പുതുക്കുന്നതിലൂടെ ഏകദേശം 225 കോടി രൂപയാണ് ലഭിക്കുക. 2018-19 സാമ്പത്തിക വർഷത്തിലാണ് സംസ്ഥാനത്ത് മദ്യ വിൽപ്പനയിലൂടെ ഏറ്റവും കൂടുതൽ തുക വരുമാനമായി ലഭിച്ചത്. ഇക്കാലയളവിൽ മൊത്തം വരുമാനം 2,480.63 കോടി രൂപയായിരുന്നു.